Wednesday, August 22, 2012

യുക്തിവാദികള്‍ നിഷേധിക്കുന്ന ദൈവം.


ഈയിടെ ഫേസ്ബുക്കില്‍ പ്രഫ. രവിചന്ദ്രന്‍ എഴുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ ഇടയായി, അത് ഇങ്ങിനെ വായിക്കാം:

"പിതാവ് ആരാണെന്ന് മാതാവ് പറഞ്ഞല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ? നല്ലൊരു വിഭാഗം മതവാദികള്‍ ഈ ചപലചോദ്യത്തോട് വല്ലാത്ത പ്രതിപത്തി കാണിക്കാറുണ്ട്. സാമാന്യബുദ്ധിയുള്ള മതവാദികളൊന്നും ഇതുന്നയിക്കാറില്ലെന്നത് ശരി തന്നെ. മതദൈവത്തിന് തെളിവ് ചോദിക്കരുത് എന്ന അത്യാഗ്രഹം മൂത്താണ് പലരും ഈ സാഹസത്തിന് മുതിരുന്നത്.

മാതാവ് - പിതാവ് - മകന്‍ : മൂവരും വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം(objective reality), പ്രാപഞ്ചികം(universal), ഉള്ളവ(Real), തെളിവുള്ളവ(have evidence), അറിയുന്നവ(Known), അറിയാന്‍ കഴിയുന്നവ(Knowable), എല്ലാം ബേരിയോണിക് ദ്രവ്യനിര്‍മ്മിതി (all baryonic matter constructs)

ദൈവം : മനോവിഹ്വലത(mental illusions), ഇല്ലാത്തത് (Unreal), അറിയാത്തത് (Unknown), അറിയാനാവാത്തത് (Unknowable), ദ്രവ്യാതീതം(beyond mater), പ്രപഞ്ചാതീതം(Beyond universe).

ഇവ തമ്മില്‍ സമാനതകള്‍ വിരളം. ഉപമിക്കപ്പെടുന്ന വസ്തുക്കള്‍ തമ്മില്‍ മിനിമം സമാനതകളെങ്കിലും ഉണ്ടാകേണ്ടതുണ്ട്. മനുഷ്യര്‍ക്കിടയില്‍ ബന്ധങ്ങളുണ്ട്. പിതാവ്, മാതാവ്, അനിയന്‍, ചേട്ടന്‍, അമ്മാവന്‍....എന്നിങ്ങനെ. മനോവിഹ്വതയായ ദൈവത്തിന് അളിയനും നാത്തൂനുമൊക്കെ ഉണ്ടെന്ന് കടുത്ത മതവാദികള്‍ പോലും ആരോപിക്കാറില്ല.

മാതാവ്, പിതാവ് എന്നിവരൊക്കെ ഉണ്ടെന്നതിന് തെളിവുണ്ട്. അവര്‍ക്കിടയിലുള്ള 'ബന്ധ'ത്തെ (relation) കുറിച്ച് മാത്രമാണ് സംശയം. എന്നാല്‍ ദൈവത്തിന്റെ 'ബന്ധങ്ങളെ'പറ്റിയല്ല മറിച്ച് 'ദൈവം ഉണ്ടോ' എന്നതാണ് ചോദ്യം. ദൈവം ഉണ്ടെന്നതിന് തെളിവില്ല. ഉള്ളവയ്ക്കിടയിലെ ബന്ധവും ഇല്ലാത്തത്തിന്റെ അസ്തിത്വവും തമ്മിലുള്ള താരതമ്യം യുക്തിഹീനം.

പിതാവ് ഒരു അറിവല്ല മറിച്ച് സാധൂകരിക്കാന്‍ കഴിയുന്ന, തെളിവുകളുള്ള ഒരു ജൈവയാഥാര്‍ത്ഥമാണത്. പിതാവ് ആരെന്ന് മാതാവിന് പറയാമെങ്കിലും പൂര്‍ണ്ണമായും തീര്‍ച്ചപ്പെടുത്താനാവില്ല. സമൂഹത്തിനും ബന്ധുക്കള്‍ക്കും ഇതിനെപ്പറ്റി ധാരണയുണ്ടാവും. പിതാവും ഇക്കാര്യം അംഗീകരിക്കുന്നു. എപ്പോള്‍ വേണമെങ്കില്‍ ഡി.എന്‍. എ പരിശോധന വഴി ശാസ്ത്രീയമായി സ്ഥിരീകരിക്കുകയുമാവാം. ഒരു പൊതു നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുകയാണ് നാമിവിടെ ചെയ്യുന്നത്. അതിനാകട്ടെ വസ്തുനിഷ്ഠതെളിവുകളുടെ പിന്തുണയുമുണ്ട്. 'തെളിയിക്കുന്നതും' മുഖവിലയ്‌ക്കെടുക്കുന്നതും ഭിന്നമാണ്. ജൈവികയാഥാര്‍ത്ഥ്യമായ പിതൃത്വം 'തെളിയിച്ചല്ല' സ്വീകരിക്കുന്നതെങ്കിലും മനോവിഹ്വലതകള്‍ തെളിയിക്കപ്പെടുക തന്നെ വേണം. രണ്ടുപേര്‍ വന്ന് തങ്ങളാണ് മാതാപിതാക്കളാണെന്ന് വാദിച്ചാല്‍ അത് സ്വീകരിക്കുന്നതുകൊണ്ട് കുട്ടിക്ക് ജൈവികമായോ സാമൂഹികമായോ ദോഷമൊന്നും വരാനില്ല. ദത്തെടുക്കുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. കുട്ടിക്ക് വേണ്ടത് ഭക്ഷണവും സംരക്ഷണവുമാണ്. അതാര് കൊടുത്താലും വിഷയമില്ല. ഇതും ദൈവാസ്തിത്വവും താരതമ്യം ചെയ്യുന്നവരോട് അനുതപിക്കാന്‍ കഴിയാത്തവര്‍ ശിലഹൃദയരായിരിക്കും."

നമ്മുക്ക് ഇതൊന്നു വിശകലന വിധേയമാക്കാം:

മത വിശ്വാസികള്‍ ഒരിക്കലും പറയാത്തതായ ഒരു കാര്യം അവരുടെ മേല്‍ ആരോപ്പിച്ച് അതിനു മറുപടി പറയുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്.

ദൈവവും പിതാവും സമമാണ് എന്ന് മതവിശ്വാസികള്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്???

മനുഷ്യന്‍ ഒരു കാര്യം അംഗീകരിക്കാന്‍ തെളിവ് ഇല്ലാതെയും സാധിക്കും എന്നതിന് തെളിവായി പറയപ്പെട്ട ഒരു കാര്യമാണ് 'പിത്രത്വം മനുഷ്യന്‍ തെളിവില്ലാതെ അംഗീകരിക്കുന്നു' എന്നത്, അതില്‍ യുക്തിവാദികളും മറ്റു മനുഷ്യരും സമമാണ്.

ദൈവം ഉണ്ട് എന്നതിന് തെളിവായിട്ടല്ല വിശ്വാസികള്‍ പിത്രത്വം കൊണ്ട് വന്നിട്ടുള്ളത്, പല കാര്യങ്ങളും മനുഷ്യര്‍ തെളിവ് ചോദിക്കാതെ തന്നെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പിതാവ് എന്ന ബന്ധം മനുഷ്യരില്‍ അത്തരത്തിലുള്ള ഒന്നാണ്. ഇതായിരുന്നു വിശ്വാസികളുടെ വാദം.

വിശ്വാസികളുടെ ഈ വാദം യുക്തിവാദികളുടെ 'യുക്തിവാദികള്‍ തെളിവില്ലാതെ ഒന്നും അംഗീകരിക്കാറില്ല' എന്ന വാദത്തിന്റെ മുന ഒടിക്കുന്നത് കൊണ്ടാണ് പ്രൊഫ. രവിചന്ദ്രന് ഇങ്ങിനെ ഒരു പോസ്റ്റ്‌ എഴുത്തിയത് എന്ന് മനസ്സിലാക്കാം.

============

പ്രഫ. രവിചന്ദ്രന്‍ എഴുതിയ വരികള്‍ നോക്കൂ: "സാമാന്യബുദ്ധിയുള്ള മതവാദികളൊന്നും ഇതുന്നയിക്കാറില്ലെന്നത് ശരി തന്നെ." സാമാന്യ ബുദ്ധിയുള്ളവര്‍ ഉന്നയിക്കാത്ത ഒരു വാദത്തിനു മറുപടി പറയുക എന്നതിലൂടെ അതിനു മറുപടി പറയുന്നവന്‍റെ സാമാന്യ ബുദ്ധിയില്‍ സംശയിക്കേണ്ടിവരും. പ്രഫസറുടെ സാമാന്യ ബുദ്ധിയില്‍ ഞാന്‍ സംശയം പ്രകടിപ്പിക്കുന്നില്ലങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല; സാമാന്യ ബുദ്ധിയില്ലാത്തവര്‍ പറയുന്ന ഈ കാര്യം ബുദ്ധിയുള്ളവരെയും ചിന്തിപ്പിക്കും എന്നതാണ് ഇതിനു മറുപടി പറയാന്‍ പ്രഫസറെ പോലുള്ളവരെ പ്രേരിപ്പിക്കുന്നത്.

============

ദൈവം പിതാവിനോ അലെങ്കില്‍ ഏതെങ്കിലും മനുഷ്യനോ സമമാണ് എന്നത് വിശ്വാസികളുടെ വാദമല്ല, 'സൃഷ്ടാവും സൃഷ്ടിയും സമമാവുകയില്ല' എന്നത് വേദഗ്രന്ഥം ഖണ്ഡിതമായി പറഞ്ഞ കാര്യമാണ്, പിന്നെയെങ്ങിനെയാണ് ദൈവത്തെ മനുഷ്യനു സമമാണ് എന്ന് വിശ്വാസികള്‍ പറയുക.

മനുഷ്യനെ പോലെയുള്ള ഒരു ദൈവത്തിലാണ് വിശ്വാസികള്‍ വിശ്വസിക്കുന്നത് എന്നത്‌ യുക്തിവാദികളുടെ വാദമാണ്, യഥാര്ത്ഥ ത്തില്‍ വിശ്വാസികള്‍ വിശ്വസിക്കുന്ന ദൈവം മനുഷ്യനോ അല്ലെങ്കില്‍ മറ്റു ഏതെങ്കിലും തരത്തിലുള്ള സൃഷ്ടിക്കോ സമം അല്ല, എന്നെന്നും നിലനില്ക്കുന്ന പ്രപഞ്ചസൃഷ്ടാവായ നമ്മുടെയെല്ലാം സൃഷ്ടാവായ ഒരു ദൈവത്തില്‍ ആണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്.

============

ദൈവത്തെ കുറിച്ച് പ്രഫസറുടെ വരികള്‍  : "ദൈവം : മനോവിഹ്വലത(mental illusions), ഇല്ലാത്തത് (Unreal), അറിയാത്തത് (Unknown), അറിയാനാവാത്തത് (Unknowable), ദ്രവ്യാതീതം(beyond mater), പ്രപഞ്ചാതീതം(Beyond universe)."

സത്യത്തില്‍ ഏതു മതവിശ്വാസികളില്‍ ആണ് ഇത്തരത്തിലുള്ള ഒരു ദൈവ സങ്കല്‍പം ഉള്ളത്???

പ്രഫസര്‍ തന്നെ തനിക്ക്‌ സുഖമമായ രീതിയല്‍ മറുപടി പറയാന്‍ ഉതകുന്ന തരത്തില്‍ ദൈവത്തെ നിര്‍വചിക്കുകയാണ് ഇവിടെ ചെയ്തിട്ടുളളത്, എല്ലാ ദൈവ വിശ്വാസികളും ദൈവം എന്നത് ഒരു പരാശക്തിയാണ് എന്ന് വിശ്വസിക്കുന്നവര്‍ തന്നെ ആണ്.

മനുഷ്യന്‍റെ പഞ്ചേന്ത്രിയങ്ങള്‍ കൊണ്ട് അറിയാന്‍ സാധിക്കുകയില്ലയെങ്കിലും ദൈവം ഉണ്ട് എന്ന് തന്നെയാണ് ഏല്ലാ മതവിശ്വാസികളുടെയും വിശ്വാസം.

ദൈവത്തെകുറിച്ച് 'അറിയാത്തത്‌' എന്നത്‌ ശരിയായ പ്രയോഗമല്ല, മനുഷ്യന്‍റെ പഞ്ചേന്ത്രിയങ്ങള്‍ കൊണ്ട് അറിയാത്തത് അലെങ്കില്‍ അറിയാന്‍ സാധിക്കാത്തത് എന്നെ വിശ്വാസികള്‍ പറയാറുള്ളൂ.

'പഞ്ചേന്ത്രിയങ്ങള്‍ കൊണ്ട് അറിയാത്തത് അലെങ്കില്‍ അറിയാന്‍ സാധിക്കാത്തത്' എന്ന് പറയുമ്പോള്‍ തന്നെ പറയാതെ പറയുന്ന കാര്യമുണ്ട്, 'പഞ്ചേന്ത്രിയമല്ലാത്ത മറ്റെന്തുകൊണ്ടോ അറിയാന്‍ സാധിക്കുന്നത്‌', ബുദ്ധികൊണ്ട് ദൈവത്തെ അറിയാന്‍ സാധിക്കും ശക്തിയുക്തം വാദിക്കുന്നവര്‍ ആണ് വിശ്വാസികള്‍...  നമ്മുക്ക് പഞ്ചേന്ത്രിയങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്ന ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസികള്‍ എന്ന പ്രയോഗം തന്നെ ഉണ്ടാവുമായിരുന്നില്ല, ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്നെ പറയുമായിരുന്നുള്ളൂ.

ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കണം പോല്ലും ദൈവം ഉണ്ടന്നതിന്റെ തെളിവാണ്, ചില ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: നാം കാണുന്ന ഒരു കസേര, അത് മരമാണെങ്കില്‍ അത് മനുഷ്യരാല്‍ ഉണ്ടാക്കപ്പെട്ടതിനു തെളിവാണ്, അത് ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം ദൈവത്തിനും തെളിവാണ്. ഇനി പ്ലാസ്റ്റിക്ക് കസേര ആണെങ്കിലോ അത് വാര്‍ത്ത് എടുത്ത ഒരു ഫാക്ടറിക്ക് തെളിവാണ്, അതിലെ പ്ലാസ്റ്റിക് ദൈവത്തിനും തെളിവാണ്, കാരണം ഒന്നും ഇല്ലായിമയില്‍ നിന്ന് പ്ലാസ്റ്റിക് ഉണ്ടാക്കാന്‍ മനുഷ്യന് സാധ്യമല്ലല്ലോ. അതുപോലെ ഒരു ചെറിയ കണം ഉണ്ടാക്കാന്‍ നാം പ്രാപ്തര്‍ അല്ലല്ലോ, അതുകൊണ്ടാണ് ആ കണങ്ങള്‍ അത് സൃഷ്‌ടിച്ച ദൈവത്തിനു തെളിവാകുന്നു എന്ന് പറയുന്നത്.

ദ്രവ്യാതീതം(beyond mater), പ്രപഞ്ചാതീതം(Beyond universe) എന്നീ സവിശേഷതകള്‍ മാത്രമാണ് പ്രഫസറുടെ വാചകത്തില്‍ വിശ്വാസികളുടെതായി ഉള്ളത്.  പ്രപഞ്ചത്തില്‍ ഉള്ളത് എല്ലാം ദ്രവ്യമാണ് എന്നും ദ്രവ്യമല്ലാത്തത് പ്രപഞ്ചത്തില്‍ ഉണ്ട് എന്ന് പറയാന്‍ സാധ്യമല്ല എന്നും നമ്മുക്ക് പറയാം, അതാണ് പ്രകൃതിനിയമം.  ഈ പ്രപഞ്ചം സൃഷ്ടിച്ചവനും ഈ പ്രകൃതി നിയമം ഉണ്ടാക്കിയവുമായ  ഒരു ദൈവത്തില്‍ ആണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്, പ്രകൃതി നിയമം ഉണ്ടാക്കിയ ദൈവം പ്രകൃതി നിയമത്തിന് വിധേയമാവണം എന്ന് പറയുന്നത് അല്പത്വമല്ലാതെ മറ്റൊന്നു മല്ല.

പ്രപഞ്ചം സൃഷ്ടിച്ച ദൈവം പ്രപഞ്ചത്തിനു മുമ്പേ ഉണ്ടാവണമല്ലോ, പ്രപഞ്ചത്തിന് മുമ്പേയുള്ള ദൈവം പ്രപഞ്ചാതീതം ആയിരിക്കണം, അങ്ങിനെത്തന്നെയാണ് താനും, അതാണ്‌ പ്രവാചകന്മാര്‍ പഠിപ്പിച്ചത്, നമ്മുക്ക് പഞ്ചേന്ത്രിയങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്ന ഒന്നാണ് ദൈവം എങ്കില്‍ പ്രവാചകന്മാര്‍ ഉണ്ടാവുമായിരുന്നില്ല.

============


'വെറുതെ ഒന്നും ഉണ്ടാവുകയില്ല' എന്ന പ്രകൃതി നിയമം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുള്ള യുക്തിവാദികള്‍ പ്രപഞ്ച സൃഷ്ടിപ്പിന്റെ കാര്യത്തില്‍ മാത്രം ആ നിയമം വേണ്ട എന്ന് വെക്കുമ്പോഴാണ് നമ്മുക്ക് അവരുടെ യുക്തിയില്‍ സംശയം ഉണ്ടാവുന്നത്.  ഓരോ കാര്യങ്ങളും ശാസ്ത്രം കണ്ടെത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ആ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രകൃതി സംവിധാനം മനസ്സിലാക്കുക മാത്രമാണ് സംഭവിക്കുന്നത്, ഉദാഹരണത്തിന് മഴ എടുക്കാം; മഴ ഉണ്ടാകുന്നതിനെ കുറിച്ച് ശാസ്ത്രം പറയുമ്പോള്‍ മഴ ഉണ്ടാവാന്‍ വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവയാണ് എന്ന് പറയുകയല്ലാതെ ആ പ്രവര്‍ത്തങ്ങള്‍ തങ്ങളാണ് ഉണ്ടാക്കിയത് എന്ന് ആരും പറയാറില്ല, അങ്ങിനെ പറയാന്‍ സാധ്യമല്ല.  

വേറെ ഒരു തമാശ, വാദത്തിനു വേണ്ടിയാണെങ്കിലും പ്രപഞ്ചാതീതം എന്ന് ഇവര്‍ തന്നെ പറഞ്ഞ ദൈവത്തിന്‍റെ മൂല കാരണം അതായതു ദൈവത്തെ സൃഷ്ടിച്ചത് ആര് എന്ന് ഇടയ്ക്കിടെ ചോദിക്കാറുണ്ട് എന്നതാണ്.


============

ഇനി ദൈവത്തെ കുറിച്ച് പ്രഫസര്‍ ഇങ്ങിനെ പറഞ്ഞത് കൊണ്ട് ആരും തെറ്റിദ്ധരിക്കണ്ട, യുക്തിവാദികള്‍ അഭൌതികമായ ഒരു ദൈവത്തെയാണ് ഇല്ല എന്ന് സ്ഥാപ്പിക്കാന്‍ ശ്രമിക്കാര്‍ ഉള്ളത് എന്ന്, മനുഷ്യ പ്രകൃതി ഉള്ള ഒരു ദൈവം ആകാശത്ത് ഇല്ല എന്നതാണ് അവര്‍ പറയാറുള്ളത്, പലപ്പോഴും യുക്തിവാദികള്‍ ഒരു ആകാശമനുഷ്യന്‍ ഇല്ല എന്നല്ലാമാണ് പറയാറ്,  ഇത്തരം മനുഷ്യ ദൈവത്തെ അല്ലെങ്കില്‍ ദൈവങ്ങളെ നിഷേധിക്കുന്നതില്‍ എന്നെ പോലുള്ള വിശ്വാസികള്‍ ആണ് മുന്‍പന്തിയില്‍ എന്ന് അറിയിച്ചു കൊള്ളട്ടെ.


============

ഡി എന്‍ എ കോഡുകള്‍ കണ്ടു പിട്ടിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്ന യുക്തിവാദികള്‍ക്ക് തങ്ങളുടെ പിതാവിനെ അംഗീകരിക്കണമെങ്കില്‍ തെളിവ് വേണ്ടിയിരുന്നു വെങ്കില്‍!!!! എന്തു ചെയ്യുമായിരുന്നു എന്ന് അറിയാന്‍ താല്‍പര്യമുണ്ട്‌....

No comments:

Post a Comment